ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് നടക്കുന്നത്. എന്നാല്‍ മത്സരത്തിനായി ഇന്ത്യ പാകിസ്ഥാനിലെത്തുമോ എന്നുള്ള കാര്യത്തില്‍ ഇതുവരെ ഉറപ്പ് വന്നിട്ടില്ല. എന്നാല്‍ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കേണ്ടെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരിക്കുക. ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും. അഞ്ചെണ്ണം റാവല്‍പിണ്ടിയിലും മൂന്ന് മത്സരങ്ങള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ തന്നെ നടക്കുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ബിസിസിഐ ആയിട്ട് ബന്ധപ്പെടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.