കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് പുരോഗമിക്കുന്നതിനിടെ പ്രതി സഞ്ജയ് റോയിക്കെതിരേ കൂടുതൽ വെളിപ്പെടുത്തൽ. മുൻ ഭാര്യയെ ഇയാൾ മർദിക്കാറുണ്ടായിരുന്നു എന്ന് അവരുടെ അമ്മ ദുർഗാദേവി എ.എൻ.ഐയോട് പറഞ്ഞു. പ്രതിയെ തൂക്കിക്കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു.
എന്റെ മകളുമായി സഞ്ജയുടെ രണ്ടാംവിവാഹമായിരുന്നു.
രണ്ട് വർഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. തുടക്കത്തിലെ ആറുമാസം കുഴപ്പമില്ലായിന്നുവെങ്കിലും പിന്നീട് മർദിക്കാൻ തുടങ്ങി. മൂന്ന് മാസം ഗർഭിണിയായിരുന്ന മകളെ മർദിച്ചതോടെ മകൾക്ക് ഗർഭച്ഛിദ്രമുണ്ടായി. ഇതോടെ അവളുടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. അവളുടെ ആശുപത്രി ചിലവുകളെല്ലാം ഞാൻ തന്നെ വഹിച്ചു.
ഈ സംഭവത്തിന് പിന്നാലെ പോലീസിൽ പരാതി നൽകിയിരുന്നു. ചെയ്ത കുറ്റകൃത്യത്തിന് സഞ്ജയിയെ തൂക്കിക്കൊല്ലുകയോ നിങ്ങൾ വേണ്ടത് ചെയ്യുകയോ ചെയ്യാം. അവന് ഒറ്റയ്ക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് കരുതുന്നില്ല, ദുർഗാദേവി പറഞ്ഞു.സഞ്ജയ് റോയ് ഒന്നിലധികം വിവാഹം കഴിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് നിരവധി അശ്ലീലവീഡിയോകളും പോലീസ് കണ്ടെടുത്തിരുന്നു.