പത്തനംതിട്ട: ശസ്ത്രക്രിയ ചെയ്യുന്നതിനായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. സര്ജന് ഡോ വിനീത് ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.
കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ വിനീതിനെതിരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മാസം 16 നാണ് അടൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്.
പുറത്തെ തടിപ്പ് മാറ്റാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ പന്ത്രണ്ടായിരം രൂപ ഡോ വിനീത് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ടിന് നല്കിയ പരാതിയില്‍ പറയുന്നു. രേഖാ മൂലം പരാതി സമര്‍പ്പിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.