വാഷിങ്ടൺ: യു.എസിന്റെ 47-ാം പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ.1861-ല്‍ എബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും ജെ.ഡി.വാൻസും ഭാര്യ ഉഷ വാൻസും വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിൽ പങ്കെടുത്തു. അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്നാണ് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഹിലരി ക്ലിന്റണ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്ട്ട്മാന്, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഹംഗറി പ്രധാനമന്ത്രി വിക്തോര്‍ ഓര്ബന്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ തുടങ്ങിയ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.