വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന് ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
എന്നാൽ അമേരിക്കയുമായി നേരിട്ട് ചർച്ചക്കൾക്ക് ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്ക്യൻ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി നൽകിയിരുന്നത്. സൈനിക പ്രത്യാഘാതങ്ങൾ നേരിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ തള്ളിയതായും റിപ്പോട്ടുകൾ പുറത്തു വന്നിട്ടുണ്ട്.