വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശമയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്.
മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്.
മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്.
ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി നൽകാം.
മോട്ടോർ വാഹന വകുപ്പോ പൊലീസോ സാധാരണയായി വാട്സ് അപ്പ് നമ്പറിലേക്ക് ചെലാൻ വിവരങ്ങൾ അയക്കാറില്ലയെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ ചെലാൻ നമ്പറോ നൽകിയാൽ വാഹനത്തിന് ഏതെങ്കിലും പിഴ ഉണ്ടോ എന്ന് അറിയാവുന്നതാണെന്നും പോലീസും എംവിഡിയും വ്യക്തമാക്കി.