വീണ്ടും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാംകൂടി ആളിക്കത്തി പാർട്ടി ഒന്നാകെ ഇല്ലാതാകുന്നതിന്റെ വക്കത്തുനിന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമം ഇട്ടിരിക്കുന്നത്.
കേരളത്തിലെ നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് മുൻപിൽ വെച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു നേതാക്കളെ സംബന്ധിച്ച വിഷയങ്ങളിലും പരസ്യപ്രസ്താവന നടത്തരുതെന്നും കർശന നിർദേശം നൽകി. മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉന്നതതല യോഗം പിരിഞ്ഞത്.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള രാഷ്ട്രീയ കാര്യസമിതി അംഗങ്ങളും എഐസിസി അംഗങ്ങളായ മുതിർന്ന നേതാക്കളുമാണ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയത്.
വിവാദങ്ങളൊഴിവാക്കി 2026ൽ കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാർ കേരളത്തിൽ അധികാരത്തിലെത്താൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് ഖാർഗെ മുന്നോട്ടുവച്ചത്. കേരളത്തിൽ ജനപക്ഷത്തു നിന്ന് പാർട്ടി വിഷയങ്ങൾ ഏറ്റെടുക്കണമെന്നും കേരളത്തിലെ പാർട്ടിയുടെ വിജയം ഇന്ത്യയാകെയുള്ള പ്രവർത്തകർ ഉറ്റു നോക്കുന്നുവെന്നും നിര്‍ണായകമാണെന്നും രാഹുൽ ഗാന്ധിയും യോഗത്തിൽ ചൂണ്ടിക്കാട്ടി.
കെപിസിസി പ്രസിഡന്റിനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തിൽ ചര്‍ച്ചയായില്ല. എന്നാൽ പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് ചില നേതാക്കൾ ഡൽഹിയിലും നേതാക്കളുടെ പിന്തുണ തേടിയിട്ടുണ്ട്. അധ്യക്ഷനെ മാറ്റുന്നതിനൊപ്പം യുഡിഎഫ് കൺവീനർ എം എം ഹസനെ മാറ്റണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കെ സുധാകരന് താൽക്കാലിക ആശ്വാസം പകരുന്നതായിരുന്നു ഇന്നലത്തെ യോഗം.
കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തത്കാലം തുടരും. പരാതിയുള്ള ഡിസിസികളിലും അധ്യക്ഷന്മാരെയടക്കം മാറ്റി പുനഃസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു. എൽഡിഎഫ് സർക്കാരിന് ഗുണകരമാകുന്ന രീതിയിലുള്ള പ്രതികരണങ്ങൾ പോലും നേതാക്കൾ നടത്തരുതെന്ന് ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഹൈക്കമാൻഡ് നിർദേശം നൽകി.
നേതാക്കൾ തമ്മിലെ ഭിന്നത ചർച്ചയാകുന്നത് വരുന്ന തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി യോഗത്തിൽ അറിയിച്ചതോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന നിലപാട് സ്വീകരിച്ചാണ് നേതാക്കൾ ഡൽഹിയിൽ നിന്നും മടങ്ങിയത്. തനിക്കും സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് സുധാകരൻ യോഗത്തിൽ പറഞ്ഞു. പാർട്ടിയുടെ കൂടെ നിൽക്കുമെന്ന് പ്രവർത്തക സമിതി അംഗം ശശി തരൂര്‍ യോഗത്തിൽ അറിയിച്ചു.
പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് പൂർണ പിന്തുണയെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രശ്നം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടയിൽ ശശി തരൂർ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും മുറുമുറുപ്പുണ്ടാക്കിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരു ലിബറൽ മുഖം ഉയർത്തിക്കാട്ടണമെന്നാണ് തരൂർ ആഗ്രഹിച്ചതെന് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, എൽഡിഎഫിനെയും ബിജെപിയെയും നേരിടാൻ തരൂര്‍ സംഘടനയിലും പ്രത്യയശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കെതിരെ മത്സരിച്ച തരൂരിനെ പിന്നീട് പ്രൊഫഷണൽസ് കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് പാർട്ടിയിൽ അദ്ദേഹത്തിന് ഒരു പ്രധാന സ്ഥാനം നൽകുകയും ചെയ്തിരുന്നില്ല. എന്നാൽ, കോൺഗ്രസ് മേധാവിയായ ശേഷം ഉന്നത സമിതി പുനഃസംഘടിപ്പിച്ച ഖാർഗെയാണ് തരൂരിനെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാക്കിയത്. തരൂര്‍ വിവാദം തുടരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്ലൊരു സ്ഥാനം വാഗ്ദാനം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
അതിനിടെ, രാഹുലിനേയും ഖര്‍ഗെയേയും പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു. അതേസമയം, യോഗത്തിൽ നേതാക്കൾക്ക് കർശനമായ മുന്നറിയിപ്പാണ് നേതൃത്വം നൽകിയിട്ടുള്ളത്. പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യതിചലിക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. അതേസമയം ഐക്യത്തിന്റെ കാഹളമുയർന്ന യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും വിട്ടുനിന്നു. അവർ ഇനി എന്ത് ഉദ്ദേശിച്ചിട്ടാണ് എന്നത് അവർക്കേ പറയുവാൻ കഴിയൂ. കാരണം നമ്മൾ കരുതുന്നയിടത്തല്ല, കോൺഗ്രസും അതിന്റെ നേതാക്കളും.