കോഴിക്കോട് : കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ എൻ രാജേന്ദ്രൻ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രൻ ചുമതല ഏറ്റിരിക്കുന്നത്. കോഴിക്കോട് ഡിഎംഒയായി രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം ഒമ്പത് വരെ തുടരാമെന്നാണ് കോടതി ഉത്തരവ്. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
കോഴിക്കോട് ഡിഎംഒ ആയിരുന്ന രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നാലെ ആശാദേവി ഈ മാസം പത്തിന് ചുമതല ഏറ്റു. ഈ ഉത്തരവിനെതിരെ രാജേന്ദ്രൻ കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി.