കൊച്ചി: സംസ്ഥാനത്ത് കഞ്ചാവ് കേസുകളുടെ എണ്ണം അനുദിനം വർധിക്കുമ്പോൾ സർക്കാർ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഈ മഹാ വിപത്തിനെ അടിച്ചമർത്താൻ പോലീസിനും, എക്സസെസിനും പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും ഇക്കാര്യത്തിൽ യാതൊരുവിധ ഇടപെടലുകളും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. പോലീസ് എക്സെസ് നിരീക്ഷണം രാത്രികാലങ്ങളിൽ ശക്തമാക്കണം.
മദ്യ, ലഹരി വ്യാപനത്തിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങൾ കർശന നിർദ്ദേശം എടുത്ത് ലഹരി മാഫിയ ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളെ പിരിച്ച് വിടാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. ലഹരി വിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി മുന്നോട്ട് വന്ന സർക്കാർ തീരുമാനത്തെ കേരള മദ്യവിരുദ്ധ എകോപന സമിതി നേതാക്കൾ സ്വാഗതം ചെയ്തു. എന്നാൽ മയക്കുമരുന്നിനെതിരേയുള്ള യോഗത്തിൽ കേരളത്തിലെ മദ്യ, ലഹരി വിരുദ്ധ രംഗത്തു നിലയുറപ്പിച്ചിട്ടുള്ള സംഘടനകളുടെ അഭിപ്രായം കേൾക്കാൻ സർക്കാർ തയ്യാറാകത്തത് അത്യന്തം പ്രതിഷേധാർഹവും ആശങ്കക്ക് ഇടയാക്കുന്നതായി സമിതി നേതാക്കൾ കുറ്റപ്പെടുത്തി. 30 ന് ഇതിനായി കർമ്മപദ്ധതി തയ്യാറാക്കാൻ ചേരുന്ന യോഗത്തിലേക്ക് ലഹരി ,മദ്യവിരുദ്ധ സംഘടനകളുടെ പങ്കാളിത്തം സർക്കാർ ഉറപ്പാക്കണം.
ശക്തമായ നിയമം കൊണ്ട് ലഹരിയെ നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. രാസലഹരി ക്രയവിക്രയം നടത്തുന്നവരെ ഭീകരരായി പ്രഖ്യാപിക്കുന്ന നിയമം കൊണ്ട് വരണമെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.
നാടിൻ്റെ സംസ്കാരത്തെയും പൈതൃകത്തെയും തകർക്കുന്ന ലഹരിയെ നിയന്ത്രിക്കാതെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പുരോഗതിയിലേക്കു നയിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം. പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തണം. മയക്ക്മരുന്ന് ഉപയോഗത്തിനെതിരെയുള്ള പാംഭാഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.