തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിച്ച് മുഴുവന്‍ കുട്ടികളുടെയും സ്കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെയ് മാസമാണ് ക്യാമ്പയിന് നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാസസ്ഥലത്തോട് ചേര്‍ന്ന് നില്ക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയില്‍ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്കരിച്ച റോഷ്നി പദ്ധതി, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നടപ്പിലാക്കിവരുന്ന സമാന പദ്ധതികള്‍ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.സി.ഇ. ആര്.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രില്‍ 30നകം തയ്യാറാക്കും.
മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴില്‍, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ. ആര് ടി തയ്യാറാക്കിയ പ്രവര്‍ത്തനരൂപരേഖ അന്തിമമാക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂള്‍ പ്രവേശനം സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കണം. ആറ് മാസത്തില്‍ ഒരിക്കല്‍ രജിസ്റ്റര്‍ പരിഷ്കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററില്‍ പ്രത്യേകം സൂക്ഷിക്കണം.