മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 577 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. പലവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാർക്കാണ് മോചനം നൽകുന്നത്. എന്നാൽ മോചിതരാകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധമായി ദുബൈയില്‍ 86 തടവുകാരെ മോചിപ്പിച്ചു. വാടകയുടെ ബന്ധപ്പെട്ട കേസുകളിൽ കഴിയുന്നവർക്കാണ് മോചനം സാധ്യമാകുന്നത്. കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1,518 തടവുകാര്‍ക്ക് ജയില്‍ മോചനം പ്രഖ്യാപിച്ചിരുന്നു.