ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-ന് മുൻപ്. ഈ മാസം അവസാനം തന്നെ ദേശീയ അധ്യക്ഷനെ തീരുമാനിക്കും. ദേശീയ അധ്യക്ഷനെയും സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ കൗൺസിൽ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രനേതാക്കൾ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പുകളിൽ മേൽനോട്ടം വഹിക്കാൻ നേതാക്കന്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്കാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യന് മേഘാലയയുടെയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരന് നാഗാലാൻഡിന്റെയും ചുമതലയാണ്. ലക്ഷദ്വീപ് ചുമതല പൊൻ രാധാകൃഷ്ണനാണ്.