നാളെ പോളിംഗ് നടക്കാനിരിക്കെ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് പണം പിടികൂടി തെരഞ്ഞെടുപ്പ് സ്ക്വാഡ്. റെയ്ഡിനിടെ വള്ളത്തോള്‍ നഗറില്‍ നിന്നാണ് കാറില്‍ കൊണ്ടുപോവുകയായിരുന്ന 19.7 ലക്ഷം രൂപ പിടികൂടിയത്. കൊളപ്പുള്ളി സ്വദേശി ജയനില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
25 ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതിന്റെ രേഖ ജയന് ഉദ്യോഗസ്ഥരെ കാണിച്ചു. എന്നാല്‍ ബാക്കി പണം എന്ത് ചെയ്തു എന്നത് വ്യക്തമല്ല. വീട് പണിയുടെ ആവശ്യത്തിന് വേണ്ടിയാണ് പണം പിന്‍വലിച്ചതെന്നാണ് ജയന് നല്കുന്ന വിശദീകരണം. ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും അതിനുള്ള പണമാണ് കൈയിലെന്നുമാണ് ജയന് പറഞ്ഞത്.
അതേസമയം, പിടിച്ചെടുത്ത പണം സിപിഐഎമ്മിന്റേതാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ ആരോപിച്ചു. മണ്ഡലത്തില്‍ മൂന്ന് മുന്നണികളും കോടികള്‍ ഒഴുക്കുകയാണെന്ന് പിവി അന്‍വര്‍ എംഎല്‍എയും പ്രതികരിച്ചു.