കഴിഞ്ഞ കേന്ദ്രസർക്കാർ ബജറ്റ് ആ സമയത്ത് തെരഞ്ഞെടുപ്പിലേക്ക് കടന്നുപോയ സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികൾ അനുവദിച്ചുകൊണ്ടായിരുന്നു. ഈ വർഷത്തെയും ബജറ്റ് അത്തരത്തിൽ തെരഞ്ഞെടുപ്പിനെ കാത്തുനിൽക്കുന്ന ബീഹാറിന് വൻകിട പദ്ധതികൾ അനുവദിച്ചുകൊണ്ടാണ്. കാർഷിക മേഖലയ്ക്കും വ്യാവസായങ്ങൾക്കുമായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിന് മഖാന ബോർഡെന്ന നിർണായക പ്രഖ്യാപനവും ഇതിൽ ഉൾപ്പെടുന്നു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിൻ്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിൻ്റെ ലക്ഷ്യം.ഉത്പാദനം, മാർക്കറ്റിങ് നടപടികളെ ത്വരിതപ്പെടുത്തുന്നതിനായാണ് മഖാന ബോർഡ്. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. ബിഹാറിലെ പട്ന വിമാനത്താവളം നവീകരിക്കും. പുതിയ ഗ്രീൻഫ്രീൽഡ് എയർപോർട്ട് നിർമിക്കും. ബിഹ്ടയിൽ ബ്രൗൺഫീൽഡ് വിമാനത്താവളം നിർമിക്കും. കൂടാതെ പാട്ന എയർപോർട്ട് വികസിപ്പിക്കും. പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റൽ. അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഉൾക്കൊള്ളാവുന്ന വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കും. പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും. ബിഹാറിൽ പ്രത്യേക കനാൽ പദ്ധതി നടപ്പാക്കും. മിതിലാഞ്ചൽ മേഖലയിലെ വെസ്റ്റേൺ കോസി കനാൽ പദ്ധതിക്കാണ് ബജറ്റിൽ പ്രഖ്യാപനം. ബിഹാറിന് 13000 കോടി രൂപയുടെ സഹായം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സംസ്ഥാനത്തിനുള്ള കേന്ദ്രത്തിന്റെ അകമഴിഞ്ഞ സഹായമെന്ന വിമർശനം വ്യാപകമാണ്. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ പ്രതിപക്ഷം ചോദ്യം ചെയ്തു.