ജാര്‍ഖണ്ഡ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ന് കലാശക്കൊട്ട്. വൈകീട്ട് ആറോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ചു കൊണ്ട് കൊട്ടിക്കലാശം നടക്കുന്നത്. ഒറ്റഘട്ടത്തിലായി നവംബര്‍ 20ന് 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര വിധി തേടുന്നത്. രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ്. 81 സീറ്റുകളിലേക്കാണ് ജാര്‍ഖണ്ഡ് വിധി തേടുന്നത്.
മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും വിഭജിച്ച വിമത നേതാക്കളായ അജിത് പവാറും ഏക്നാഥ് ഷിന്‍ഡെയും മത്സരരംഗത്തുണ്ട്. വിഭജിച്ചാല്‍ നശിക്കും എന്നര്‍ത്ഥം വരുന്ന ‘ബാത്തേംഗേ തോ കാട്ടേംഗെ’ എന്ന മുദ്രാവാക്യമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് എല്ലാ പാര്‍ട്ടികളും.