കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, തിക്കിലും തിരക്കിലുംപെട്ട് രണ്ട് സ്ത്രീകളടക്കം മൂന്നു പേർ മരിച്ചു. ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു എന്നാണ് പുറത്ത് വരുന്ന വിവരം.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിച്ച ഗോകുൽ, പീതാംബരൻ എന്നീ ആനകളാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് ആരംഭിക്കാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. തുടർന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. ആനകൾ വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. പരുക്കേറ്റവരിൽ ഏറെപ്പേരും സ്ത്രീകളാണ്.
അതെസമയം ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകർത്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും. മറ്റുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നാണ് പ്രാഥമിക വിവരം.