ടെക്സസ്: ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി കമ്പനി ഉടമ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. മൂന്നാം തവണയും ന്യൂറാലിങ്ക് മനുഷ്യര്‍ക്കു ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ ഈ പരീക്ഷണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് മസ്ക് വ്യക്തമാക്കി. ഈ വര്‍ഷം 20-30 പേരിൽ ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാസ് വേഗസില്‍ നടന്ന പരിപാടിയിലാണ് മസ്ക് ന്യൂറാലിങ്കിനെക്കുറിച്ച് വിശദീകരിച്ചത്.
ന്യൂറാലിങ്ക്, ഇലോൺ മസ്കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാർട്ടപ്പാണ് ‘ടെലിപ്പതി’ എന്ന ഉപകരണം മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിക്കുന്ന ഒരു ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് വികസിപ്പിക്കുന്നു. ഈ ഉപകരണത്തിലൂടെ, രോഗികള്‍ക്ക് ചിന്തകളിലൂടെ കമ്പ്യൂട്ടറുകള്‍ നിയന്ത്രിക്കാനാകുമെന്ന് പറയുന്നു. പ്രാദേശിക പരിമിതികളുള്ളവരിലും, ഉദാഹരണത്തിന് കൈകാലുകൾ തളർന്നവരിലും, ഈ പരീക്ഷണം നടപ്പാക്കുന്നു.
ഇലോൺ മസ്കും ഒരു കൂട്ടം എൻജിനീയർമാരും ചേർന്ന് 2016ല്‍ സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ്, തലയോട്ടിക്കുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ബ്രെയിന്‍ ചിപ്പ് വികസിപ്പിക്കുന്നതാണ്. ഇത് വികലാംഗരായ രോഗികള്‍ക്ക് ചലിക്കാനും ആശയവിനിമയം നടത്താനും കാഴ്ച പുനഃസ്ഥാപിക്കാനുമുള്ള ഉപകരണമാണ്. 2030ന് മുമ്പ് 22,000 പേരിൽ ന്യൂറാലിങ്ക് പരീക്ഷണം നടത്തുമെന്നാണ് വിലയിരുത്തൽ.