ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്.
രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച ഔപചാരികമായ സ്വീകരണം ഒരുക്കും.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീറും ചർച്ച നടത്തും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചിരുന്നു. ഇതിനു മുന്നെ 2015 മാർച്ചിലാണ് ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്.