ഈദ് റിലീസായെത്തിയ സല്മാന് ഖാന് ചിത്രമായിരുന്നു സിക്കന്ദര്‍. എ.ആര്. മുരുഗദോസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം റിലീസിന് മുന്‍പേ വലിയ ചർച്ചയായിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിവസം ചിത്രത്തിന് മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയാണ്. അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് ദേശീയ തലത്തില്‍ റെക്കോഡുകൾ സ്വന്തമാക്കുകയാണ്.
ആദ്യദിവസം ലോകത്താകെ 67 കോടി രൂപയാണ് സിനിമ നേടിയത്. ഇന്ത്യയില്‍ ഇക്കൊല്ലം ഒരുദിവസത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയായി എമ്പുരാന് മാറിയിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടം സ്വന്തമാക്കുന്നത്. മുംബൈയില്‍, സിക്കന്ദറിനേക്കാള്‍ സിനിമാപ്രേമികള്‍ക്ക് താല്പര്യം എമ്പുരാനാണ്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്സ് ശൃംഖലകളില്‍ സിക്കന്ദറിന് പകരം എമ്പുരാന് പ്രദര്‍ശിപ്പിച്ചു. വിവാദങ്ങള്‍ക്കിടയിലും 200 കോടി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് എമ്പുരാന്. ഏറ്റവും വരുമാനം നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയില്‍ മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് എമ്പുരാന് മുന്നിലുള്ളത്.