കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന് നാളെ (മാര്‍ച്ച് 27) തിയേറ്ററിലേക്ക്. പ്രേക്ഷകരുടെ കാത്തിരിപ്പ് അങ്ങനെ അവസാനിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയായും അബ്റാം ഖുറേഷിയായും മോഹന്‍ലാലിനെ കാണാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മാര്‍ച്ച് 27 രാവിലെ ആറ് മണിക്ക് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കും. അതോടെ ആരാണ് ഖുറേഷി അബ്റാം എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
അതേസമയം സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി മനസിലാക്കണമെങ്കില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം കൂടി വരണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. റിലീസിന് മുമ്പ് 50 കോടി വില്‍പ്പന പിന്നിട്ട ആദ്യ മലയാള ചിത്രമായി എമ്പുരാന് ഇതിനകം മാറിക്കഴിഞ്ഞു. പ്രീ-സെയില്‍ വെച്ച് നോക്കുമ്പോള്‍ എക്കാലത്തേയും വലിയ മലയാള ഓപ്പണര്‍ ആണ് എമ്പുരാന്. കേരളത്തില്‍ മാത്രം 750ലേറെ സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം തന്നെ 100 കോടി കടക്കുന്ന മലയാള സിനിമയായി എമ്പുരാന് മാറുമോ എന്ന ചോദ്യത്തിന് ഉത്തരം നാളെ ലഭിക്കും. ആദ്യ ദിനത്തില്‍ എമ്പുരാന് 35 കോടിയിലധികം പ്രീ-സെയില്‍ കിട്ടി. ഇന്നലെ രാവിലെ തന്നെ 63 കോടി പിന്നിട്ടു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സിനിമ റിലീസ് ചെയ്യും മുൻപെ ഇത്രയും ബിസിനസ് നടത്തുന്നത്.