അടുത്തകാലത്തൊന്നും മലയാളികൾ ഇതുപോലെ ഒരു സിനിമയ്ക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ഒരുപാട് പ്രതീക്ഷകളോടെ, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രം പ്രേക്ഷക സ്വീകാര്യതകൊണ്ട് തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുകയാണ്. എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചു എന്നതിൽ സംശയമില്ല.
അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പടം സൂപ്പറാണ്. വേറെ ലെവലാണ്. ഫസ്റ്റ് ഹാഫ് ഹോളിവുഡ് പടം പോലെയാണെന്നും ഫസ്റ്റ് ഹാഫിനെക്കാളും സെക്കൻഡ് ഹാഫ് സൂപ്പറാണെന്നും ഒക്കെയാണ് പ്രേക്ഷക പ്രതികരണം. മലയാളത്തിന്റെ കെജിഎഫ് ആണെന്നും മോഹൻലാലിന്റെ തിരിച്ചുവരവാണെന്നുമൊക്കെയാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ.
മുരളി ഗോപിയുടെ ശക്തമായ തിരക്കഥയും അതിനേക്കാള്‍ ഒരുപടി മുകളില്‍ നില്ക്കുന്ന പൃത്വിരാജിന്റെ മേക്കിങ്ങും മോഹൻലാലിന്റെ ഗംഭീര അഭിനവും ഓരോ കഥാപാത്രങ്ങളുടെ പ്രതിബദ്ധതയും അന്യഭാഷാ താരങ്ങളുടെ സാനിധ്യവും ചിത്രത്തിന് പകിട്ടേകുന്നു. ഇനി മലയാളികള്‍ക്ക് പറയാം ഞങ്ങൾക്കും ഒരു പാന്‍ വേള്‍ഡ് ചിത്രമുണ്ടെന്ന്. അത്രകണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ എമ്പുരാൻ സ്ഥാനം പിടിച്ചുകഴിഞ്ഞു.