യൂറോപ്യൻ ടീമുകൾ മാറ്റുരയ്ക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് ഇന്നാണ് തുടക്കം.ആതിഥേയരായ ജർമനി സ്കോട്ലൻഡിനെ നേരിടുന്നതോടെ യൂറോയിൽ പന്തുരുണ്ട് തുടങ്ങും.ജൂലൈ 14നാണ് ഫൈനൽ. 10 വേദികളിൽ പോരാട്ടം.ആറ് ഗ്രൂപ്പുകൾ. 24 ടീമുകൾ. 51 മത്സരങ്ങൾ.
ലോകകപ്പിനോളം വീറും വാശിയുമുണ്ട് യൂറോയ്ക്ക്. വമ്പൻ താരങ്ങളുടെ മുഖാമുഖമാണ്. മുൻ ചാമ്പ്യൻമാരായ ഫ്രാൻസാണ് സാധ്യതയിൽ മുന്നിൽ. കിലിയൻ എംബാപ്പെയെന്ന സൂപ്പർതാരമാണ് ഫ്രാൻസിനെ അപകടകാരികളാക്കുന്നത്.കൂട്ടിന് മികച്ച യുവതാരങ്ങളുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും യുവനിരയുമായി എത്തുന്ന സ്പെയ്നും നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയും റണ്ണറപ്പുകളായ ഇംഗ്ലണ്ടുമെല്ലാം ബെർലിനിൽ കിരീടമുയർത്തുന്ന സ്വപ്നവുമായാണ് എത്തിയിരിക്കുന്നത്. പ്രതാപം വീണ്ടെടുക്കാൻ ജർമനിയും ഇറങ്ങുന്നു. നെതർലൻഡ്സ്, ക്രൊയേഷ്യ,ബൽജിയം, ഡെൻമാർക്ക് ടീമുകൾ കരുത്തൻമാർക്ക് വെല്ലുവിളിയാകും.
ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കടുത്ത പോരാട്ടം നടക്കുക. സ്പെയ്ൻ, ഇറ്റലി ടീമുകൾക്കൊപ്പം ക്രൊയേഷ്യയും അൽബേനിയയുമുണ്ട്. അട്ടിമറിക്ക് കെൽപ്പുണ്ട് അൽബേനിയക്ക്.20നാണ് ഗ്രൂപ്പിൽ സ്പെയ്ൻ-ഇറ്റലി പോരാട്ടം. പോർച്ചുഗലിന് മുന്നേറ്റം എളുപ്പമായിരിക്കും.ഗ്രൂപ്പ് എഫിൽ ചെക്ക്, ജോർജിയ, തുർക്കി ടീമുകളാണ് ഒപ്പമുള്ളത്.മികച്ച താരമാകാനുള്ള സാധ്യതയിൽ എംബാപ്പെയാണ് മുന്നിൽ.
പ്രായം മുപ്പത്തൊമ്പതായിട്ടും ഗോളടിയിൽ ഒട്ടും പിന്നിലല്ലാത്ത റൊണാൾഡോയും പട്ടികയിലുണ്ട്. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം ജർമനിയുടെ ജമാൽ മുസിയാല, സ്പപാനിഷ് കൗമാരക്കാൻ ലാമിനെ യമാൽ എന്നിവരും യൂറോയിൽ മിന്നാനാണ് സാധ്യത. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാംസ്ഥാനക്കാരും പ്രീ ക്വാർട്ടറിൽ കടക്കും. ജൂലൈ 14ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ.