ന്യൂഡൽഹി: അസംഘടിത മേഖലയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്ഷന് പദ്ധതി (യൂണിവേഴ്സല്‍ പെന്ഷന് സ്കീം) കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശമ്പള വരുമാനമുള്ളവരും, സ്വയം തൊഴില്‍ ചെയ്യുന്നവരും, അസംഘടിത മേഖലയിലുള്ളവരുമെല്ലാം ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. നിലവിലുള്ള എല്ലാ പെൻഷൻ പദ്ധതികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സാർവത്രിക പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും, ഇത് പ്രാഥമിക ഘട്ടത്തിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തിമരൂപം തയ്യാറാക്കിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും, വിരമിക്കലിന് ശേഷം ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ സഹായിക്കുന്നതിനും കൂടിയുള്ള ഒരു ചുവടുവയ്പ് കൂടിയാണ് ഈ പദ്ധതി. അസംഘടിത തൊഴിലാളികൾ, വ്യാപാരികൾ, സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾ എന്നിവർക്ക് പോലും കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് സമഗ്രമായ വലിയ പെന്ഷന് പദ്ധതികളില്ല. യൂണിവേഴ്സല്‍ പെന്ഷന് പദ്ധതി ഇതിനൊരു പരിഹാരം കൂടിയാണ്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വിഹിതം ഉണ്ടായേക്കില്ലെന്നാണ് സൂചന. നിലവിലെ ദേശീയ പെന്ഷന് പദ്ധതിക്ക് പകരമായി ഈ പദ്ധതി അവതരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവിൽ, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർക്കായി അടൽ പെൻഷൻ യോജന, പ്രധാൻ മന്ത്രി ശ്രം യോഗി മന്ദൻ യോജന തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവിധ പെന്ഷന് പദ്ധതികളുണ്ട്. പ്രതിമാസം 1,000 രൂപ മുതൽ 1,500 രൂപ വരെ ലഭിക്കുന്നതാണ് അടൽ പെൻഷൻ യോജന. പ്രധാൻ മന്ത്രി ശ്രം യോഗി മന്ദൻ യോജന പ്രകാരം നിക്ഷേപകന് 60 വയസ് തികയുമ്പോള്‍ പ്രതിമാസം 3,000 രൂപ ലഭിക്കും.