ഗാന്ധിനഗര്‍: ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര് മരിച്ചു. രാവിലെ 9:45 ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെതുടര്‍ന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണു. ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബനസ്കന്ത കളക്ടര്‍ മിഹിര്‍ പട്ടേല്‍ പറഞ്ഞു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്.
പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളില്‍ ചിലര്‍ പരിസരത്ത് താമസിച്ചിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.