ആലപ്പുഴ: നേതൃത്വങ്ങളിലേക്ക് ഈഴവ സമുദായത്തിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ ‘ഈഴവർ കറിവേപ്പിലയോ’ എന്ന പേരിലെഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. എൻഎസ്എസിനെതിരെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി വിമർശിക്കുന്നുണ്ട്. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണെന്ന രൂക്ഷവിമർശനമാണ് എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ഉന്നയിച്ചിരിക്കുന്നത്.
ഇപ്പോൾ കോൺഗ്രസിൽ കെ ബാബു എന്ന ഈഴവ എംഎൽഎ മാത്രമേയുള്ളു. കെപിസിസി പ്രസിഡൻ്റ് പോലും തഴയപ്പെടുന്നുവെന്നും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരുപക്ഷെ നിലവിലുള്ള ഈ ഈഴവ എംഎൽഎ പോലും പദവിയിൽ ഇല്ലാതായേക്കുമെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്. പിണറായി വിജയൻ കേരളം ഭരിക്കുമ്പോഴും ഈഴവ സമുദായത്തിൽ നിന്നുള്ളവർക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും കൂട്ടത്തിൽ ഭേദം സിപിഎം ആണെന്നെ ഉള്ളെന്നും വെള്ളാപ്പള്ളി എഴുതുന്നു.