തിയറ്ററില്‍ മികച്ച മുന്നേറ്റം നടത്തുന്ന അല്ലു അര്ജുന് ചിത്രം പുഷ്പ 2 -വിന്റെ വ്യാജപതിപ്പ് പുറത്ത്. സിനിമയുടെ ഹിന്ദി വേര്‍ഷന്റെ വ്യാജപതിപ്പാണ് യൂട്യൂബില്‍ പ്രചരിച്ചിരിക്കുന്നത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടൈയ്ന്‍മെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബില്‍ കണ്ടത്. എട്ട് മണിക്കൂര്‍ മുന്‍പാണ് ചിത്രം അപ്ലോഡ് ചെയ്തത്.
സംഭവത്തില്‍ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗണ്‍സില്‍ പരാതി ഉയര്‍ത്തി. ഇതേതുടര്‍ന്ന് വ്യാജപതിപ്പ് നീക്കം ചെയ്തു. 922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍. ഹിന്ദി വേര്‍ഷനില്‍ നിന്നാണ് കളക്ഷന്റെ ഭൂരിഭാഗവും ലഭിച്ചത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും ചിത്രം ഇന്നുതന്നെ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.