പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം അരങ്ങുവാണ് ബൗളര്‍മാര്‍. ആദ്യദിനം മൊത്തം പതിനേഴ് വിക്കറ്റുകള്‍ വീണു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 150 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 67 എന്ന ദയനീയ അവസ്ഥയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ ഇനിയും 84 റണ്‍സ് കൂടി വേണം. വെറും 17 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന് ജസ്പ്രീത് ബൂംറയാണ് ആതിഥേയരെ തകര്‍ത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 150 റണ്‍സിന് പുറത്തായി. 41 റണ്‍സ് എടുത്ത അരങ്ങേറ്റ താരം നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ്സ്കോറര്‍. ഋഷഭ് പന്ത് (37), കെഎല്‍ രാഹുല്‍ (26), ധ്രുവ് ജുറല്‍ (11) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് രണ്ടക്കം കടക്കാനായത്. ഓപ്പണര്‍ ജയ്സ്വാളും വണ്‍ഡൗണ്‍ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായി. പ്രതീക്ഷയായിരുന്ന വിരാട് കോഹ്ലി അഞ്ച് റണ്‍സിന് മടങ്ങി.
73 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ ഏഴാം വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്ത പന്തും നിതീഷുമാണ് 100 കടത്തിയത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസില്‍വുഡ് ആണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനേയും കാത്തിരുന്നത് വന്‍ തകര്‍ച്ചയായിരുന്നു. സ്കോര്‍ 50 കടക്കും മുന്‍പ് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. അവരുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവന്‍ സ്മിത്ത് ഗോള്‍ഡന്‍ ഡക്കായി. ഇതുവരെ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 19 റണ്‍സോടെ പുറത്താകാതെ നില്ക്കുന്ന അലക്സ് കാരിയാണ് ടോപ്സ്കോറര്‍. സ്കോര്‍ 19 ല്‍ നില്‍ക്കെ ഓപ്പണര്‍ ഉസ്മാന് ഖവാജയേയും (8) സ്മിത്തിനെയും (0) അടുത്തടുത്ത പന്തുകളില്‍ ബൂംറ പുറത്താക്കി. മുഹമ്മദ് സിറാജ് രണ്ടും അരങ്ങേറ്റ മത്സരം കളിക്കുന്ന ഹര്‍ഷിത് റാണ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.