ഡല്‍ഹി: താരങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇത്തരത്തിൽ ഓണ്‍ലൈനില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബച്ചന് കുടുംബത്തിലെ ഇളമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യ ബച്ചന്. ഡല്‍ഹി ഹൈക്കോടതിയിലാണ് ആരാധ്യ അപ്പീലുമായി എത്തിയിരിക്കുന്നത്.
2023 ഏപ്രിലില്‍ ആരാധ്യ ബച്ചന് ‘ഗുരുതരമായ അസുഖം’ എന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കപ്പെടുന്നത് നീക്കം ചെയ്യണമെന്നും ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.
കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നതിന് ഉത്തരവാദികളായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും ഗൂഗിളിനോട് കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. വിഷയം ലാഘവത്തോടെ കാണാനാവില്ലെന്നും, വിധി നടപ്പിലാക്കി കിട്ടാണമെന്നുമാണ് ആരാധ്യ ബച്ചന്റെ അഭിഭാഷകന് പ്രവീണ്‍ ഗാന്ധി അപേക്ഷ സമര്‍പ്പിച്ചത്.