പുണെ: ബാരാമതിയില്‍ അജിത് പവാര്‍ വിഭാഗം എന്‍.സി.പി.ക്ക് ആശ്വാസമേകി മഹായുതി വിമതരുടെ പിന്മാറ്റം. മത്സരത്തില്‍നിന്ന് പിന്മാറിയ ശിവസേന ഷിന്ദേ വിഭാഗം നേതാവ് വിജയ് ശിവ്താരെയും ബി.ജെ.പി. നേതാവ് ഹര്ഷവര്ധന് പാട്ടീലും സുനേത്ര പവാറിന് പിന്തുണയറിയിച്ചു. അജിത് പവാറിന്റെ ഭാര്യയാണ് സുനേത്രാ പവാര്‍.
പുണെ ജില്ലയിലെ ഏറ്റവും നിര്‍ണായകമായ ഈ സീറ്റില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.ക്കെതിരേയാണ് അജിത് പവാര്‍ വിഭാഗം മത്സരിക്കുന്നത്. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ഇവിടെ സിറ്റിങ് എം.പി. എന്‍.സി.പി ശരദ് പവാര്‍ വിഭാഗം ഇത്തവണയും സുപ്രിയ സുലെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. മേയ് ഏഴിനാണ് ബാരാമതിയില്‍ വോട്ടെടുപ്പ്.
ബാരാമതിയിലെ മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് തന്നോട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നവിസ്, അജിത് പവാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചതായി ശിവ്താരെ പറഞ്ഞു. താനുന്നയിച്ച എല്ലാ ആശങ്കകളും പരിഹരിക്കാമെന്ന് അവര്‍ വാക്കുതന്നതായും അദ്ദേഹം അറിയിച്ചു.
ബാരാമതിയില്‍ ശിവ്താരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു. 2019-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടത് അജിത് പവാറിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനു പ്രതികാരമെന്നനിലയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അജിത്തിന്റെ ഭാര്യ സുനേത്രയ്ക്കെതിരേ മത്സരിക്കാനൊരുങ്ങിയത്.
താന്‍കാരണം സഖ്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മത്സരത്തില്‍നിന്ന് പിന്മാറുന്നതെന്നും ശിവ്താരെ പറഞ്ഞു. സുനേത്രയ്ക്കായി പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ദാപുര് മുന്‍ എം.എല്‍.എ. ഹര്ഷവര്ധന് പാട്ടീലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.ക്കെതിരായ നിലപാട് മയപ്പെടുത്തി. ഫഡ്നവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ തീരുമാനം. നരേന്ദ്രമോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാന്‍ പാര്‍ട്ടി ഭേദമില്ലാതെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കണമെന്നാണ് തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു.