ചെന്നൈ: തന്നെ ഉലകനായകൻ എന്ന് വിളിക്കുന്നതിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണമെന്ന് കമൽ ഹാസൻ. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നാണ് തന്റെ എളിയ വിശ്വാസമെന്നും അതുകൊണ്ട് തന്റെ അപൂർണതകളെ കുറിച്ച് നിരന്തരമായി ബോധവാനാകാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം കുറിച്ചു. അതിനാൽ ഏറെ ആലോചിച്ച ശേഷമാണ് ഉലകനായകൻ പോലെയുള്ള വിശേഷണങ്ങൾ വേണ്ടെന്ന് വെക്കാനുള്ള തീരുമാനം എടുത്തത് എന്ന് വ്യക്തമാക്കി.
സിനിമയുടെ മണ്ഡലത്തിൽ പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താൻ എന്നും നിങ്ങൾക്ക് എന്നെ കമൽഹാസൻ എന്ന് വിളിക്കാം അല്ലെങ്കിൽ കമൽ എന്നോ കെ എച്ച് എന്നോ വിളിക്കാം എന്ന് പ്രസ്താവനയിലൂടെ അദ്ദേഹം അറിയിച്ചു. കാലങ്ങളായി പ്രേക്ഷകർ തന്നോട് കാണിക്കുന്ന സ്നേഹത്തിനും ആത്മാർഥതയ്ക്കും നന്ദിയും അറിയിച്ചു.