അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനും എതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ പഞ്ചാബ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. പഞ്ചാബ് സര്‍ക്കാര്‍ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ ദല്ലേവാൾ മരണം വരെ നിരാഹാര സമരം നടത്തിവരികയാണ്.