തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയാണ്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നീ പ്രമേയങ്ങൾ കേന്ദ്ര കഥാപാത്രമായ ഫാത്തിമയുടെ കണ്ണിലൂടെ കാണുന്ന ചിത്രം മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട് . അന്വേഷിപ്പിൻ കണ്ടെത്തും ,എആര്‍എം, എന്നി ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുത്തത് ടോവിനോ തോമസിനെയാണ്.
അതേസമയം മികച്ച നടിമാർക്കുള്ള പുരസ്ക്കാരം നസ്രിയ നസീമും റിമ കല്ലിങ്കലും പങ്കിട്ടു. സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നസ്രിയക്ക് അംഗീകാരം.തിയേറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റിമയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തത് സൂക്ഷ്മദര്ശിനിയാണ് . സ്പെഷ്യൽ ജൂറി പുരസ്കാരങ്ങള്‍ നേടിയത് ജാഫര്‍ ഇടുക്കി, ഹരിലാല്‍, പ്രമോദ് വെളിയനാട് എന്നിവരാണ് .
കൂടാതെ റൂബി ജൂബിലി അവാർഡിനർഹനായത് നടന് ജഗദീഷാണ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകന്‍ ത്യാഗരാജന് എന്നിവര്‍ക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്കാരങ്ങള്‍ ലഭിച്ചത് .