കൽപറ്റ: വയനാട് കമ്പമലയോട് ചേർന്ന് ഇന്ന് വീണ്ടും തീപിടുത്തം. കൽക്കോട്ട മലയിലെ രണ്ട് സ്ഥലങ്ങളിലും നരിനിരങ്ങി മലയിലും ആണ് തീപിടുത്തം ഉണ്ടായത്. സംഭത്തിൽ ദുരൂഹതയുണ്ടെന്നും ആരെങ്കിലും തീ ഇട്ടതാകാനാണ് സാധ്യതയെന്നും നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ പറഞ്ഞു.അതെസമയം 12 ഹെക്ടറോളം പുൽമേട് ആണ് ഇന്നലെ മാത്രം തീപിടുത്തത്തിൽ കത്തിനശിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും തീപിടുത്തം ഉണ്ടാവുകയായിരുന്നു. ഇന്നലെ കാട്ടുതീയാണ് എന്നായിരുന്നു പ്രാധമിക നിഗമനം. എന്നാൽ ഇപ്പോൾ അസ്വാഭാവികമായ തീപിടുത്തമാണെന്നാണ് വനംവകുപ്പിന്റെ അനുമാനം.കൽക്കോട്ട മലയിൽ ആദ്യം തീ ഉണ്ടായ ഭാഗത്ത് നിയന്ത്രണ വിധേയമാക്കാൻ വനം വകുപ്പിനും ഫയർഫോഴ്സ് സംഘത്തിന് സാധിച്ചിരുന്നു. എന്നാൽ ഇതുനു പിന്നാലെ മറുഭാഗത്തും നരിനിറങ്ങി മലയിലും തീപിടുത്തം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ കാറ്റും തീ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്.
തീ അണക്കാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ചൂടുകാലത്ത് തീപിടുത്തം കൂടി ഉണ്ടായതോടെ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടമായി ഇറങ്ങുമോ എന്നാണ് പ്രദേശവാസികളുടെ ആശങ്ക. പഞ്ചാര കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സമീപ പ്രദേശമാണ് കമ്പമല. പുൽമേടുകൾ മാത്രമേ കത്തിയിട്ടുള്ളൂ എന്നും മരങ്ങൾ ഉള്ള വനഭാഗത്തേക്ക് തീ പടർന്നിട്ടില്ല എന്നതും ആശ്വാസകരമാണ്.