തിരുവനന്തപുരം: ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം. ആശമാരുടെ ആവശ്യം ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് എത്താനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്നും മിനി പറഞ്ഞു.
സര്‍ക്കാരിന്റെ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്ന് പിന്തിരിയണം എന്നുമാണ് എന്‍എച്ച്എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അനിശ്ചിതകാല നിരാഹാര സമരം തുടരും എന്നും മിനി വ്യക്തമാക്കി. അതേസമയം ആരോഗ്യ മന്ത്രി വീണ ജോർജ് 3 മണിക്ക് സമരക്കാരുമായി ചർച്ച നടത്തും. ചർച്ച നിയമസഭാ മന്ദിരത്തിലായിരിക്കും. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ആശാവർക്കർമാർ അറിയിച്ചു.