സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചടങ്ങില്‍ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം കൊളുത്തി.
തിരക്കഥാകൃത്ത് ഡോ. കെ അമ്പാടി ഫസ്റ്റ് ക്ലാപ്പ് നല്കി മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ . കൂടാതെ കേന്ദ്രമന്ത്രി ആയതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്ബൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.