ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്കൈ. “ഫ്ലാഷ്സ്” എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന് നൽകിയിരിക്കുന്ന പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച ആപ്പ് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ പിന്നിട്ടു.
നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ആപ് ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിന് സമാനമായ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ഫ്ലാഷ്സ്. രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ബ്ലൂസ്കൈ ഒരു ഓപ്പൺ സോഴ്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്. ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്സ് നിർമിച്ചത്.
ഇൻസ്റ്റാഗ്രാമിന് സമാനമായ ഇന്റർഫേസും അതുപോലെ നാല് ഫോട്ടോകൾ വരെയും ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും അപ്ലോഡ് ചെയ്യാൻ സാധിക്കും. കൂടാതെ ഫിൽട്ടറുകളും എഡിറ്റിംഗ് ടൂളുകളും ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാൻ കഴിയുന്നത്തിനൊപ്പം ഫ്ലാഷ്സിൽ ഇടുന്ന പോസ്റ്റുകൾ ബ്ലൂസ്കൈയിലും ലഭ്യമാകും, രണ്ട് ആപ്പുകൾ വഴിയും റിയാക്ഷനുകളും കമന്റുകളും നൽകാൻ സാധിക്കും.