ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന നടിയുടെ പരാതിയില്‍ ബലാത്സംഗ ആരോപണം നേരിടുന്ന നടന് സിദ്ദിഖ് മാധ്യമങ്ങള്‍ക്കും പൊലീസിനും എതിരായി പരാതി നല്കി. തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു എന്നാണ് സിദ്ദീഖിന്റെ പരാതി. തന്റെ നീക്കങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായും സിദ്ദീഖ് പരാതിയിൽ പറയുന്നു. പരാതി ഡി.ജി.പി കൊച്ചി സിറ്റി പൊലീസിന് കൈമാറി.
ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു. ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിൽ നേരത്തേ അവകാശപ്പെട്ടിരുന്ന, നടിക്കെതിരായ വാട്സ്ആപ് രേഖകൾ സിദ്ദീഖ് സമർപ്പിച്ചില്ല. വാട്സ് ആപ് രേഖകൾ ഇന്ന് ഹാജരാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ 2016-17 കാലത്തുണ്ടായിരുന്ന മൊബൈൽ ഫോണും ഐപാഡും കാമറയും ഇപ്പോൾ കൈവശമില്ലെന്നാണ് സിദ്ദീഖ് പറഞ്ഞത്.
പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016-ൽ മസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് കേസ്. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്.
സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.