ദില്ലി: മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. ദില്ലിയിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ചൗള നിരീക്ഷണത്തിലിരിക്കേ ഹൃദയാഘാതം മൂലമാണ് മരിച്ചത്.
1969-ലെ അരുണാചൽ പ്രദേശ്, ഗോവ, മിസോറം, യൂണിയൻ ടെറിട്ടറി കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായി സേവനം ആരംഭിച്ച ചൗള, 2005 മെയ് 16-നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 2009 ഏപ്രിൽ 20 വരെ ഈ സ്ഥാനത്ത് പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നത്. 2010 ജൂലൈ 29 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും സേവനമനുഷ്ഠിച്ചു. 2009-ലെ ലോക്സഭാ പൊതു തെരഞ്ഞെടുപ്പും ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുകളും ചൗളയുടെ നേതൃത്വത്തിൽ വിജയകരമായാണ് നടത്തിയത്. മൂന്നാം ലിംഗക്കാരായ വോട്ടർമാർക്കും പ്രത്യേകമായി ‘മറ്റുള്ളവർ’ എന്ന വിഭാഗം അനുവദിച്ച നടപടിയും അദ്ദേഹത്തിന്റെ ഭരണകാലത്താണ് നടപ്പിലാക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രതിബദ്ധത ഞങ്ങൾക്കെന്നും പ്രചോദനമാണെന്ന് ഇലക്ഷൻ കമ്മീഷൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ചൗളയുടെ കാലഘട്ടം വിവാദങ്ങളൊഴിഞ്ഞതായിരുന്നില്ല. പക്ഷപാതപരമായി പെരുമാറി എന്ന ബിജെപി ആരോപണത്തിന് പിന്നാലെ അന്നത്തെ മുഖ്യ ഇലക്ഷൻ കമ്മീഷണറായിരുന്ന എൻ. ഗോപാലസ്വാമി അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ടിരുന്നു. എൻഡിഎ ഈ ആവശ്യം രാഷ്ട്രപതിക്ക് അപേക്ഷ കൊടുത്തതും അദ്ദേഹത്തിന്റെ ഭരണകാലത്തെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായിരുന്നു.