റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം മുതിർന്ന നേതാവുമായ ചംപായ് സോറൻ ആറ് എം.എൽ.എമാരുമായി ഡല്‍ഹിയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്.
ബി.ജെ.പിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഈ യാത്ര . ചംപായി സോറനൊപ്പമുള്ള ആറ് എം.എൽ.എമാരെ ബന്ധപ്പെടാൻ ജെ.ജെ.എമ്മിന് കഴിഞ്ഞിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
നിരവധി ബി.ജെ.പി നേതാക്കളുമായി ചംപായ് സോറൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ രാത്രി കൊൽക്കത്തയിൽ എത്തിയ അദ്ദേഹം ബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ കണ്ടതായും വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി തുടർച്ചയായി ആശയവിനിമയം നടത്തിയതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.എന്നാൽ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശനിയാഴ്ച ചംപായ് സോറൻ നിഷേധിച്ചിരുന്നു. എന്തൊക്കെ കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് തനിക്കറിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ചില ജെ.എം.എം നേതാക്കൾ ഇതിനകം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഇരുപാർട്ടികളിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഭൂമി തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജനുവരി 31ന് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഫെബ്രുവരി രണ്ടിന് ചംപായ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജൂലൈ മൂന്ന് വരെ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്.