മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. സസ്പെന്‍ഷന്റെ കാലാവധി ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. സസ്പെന്ഷന് നടപടി പിന്‍വലിച്ചെങ്കിലും അടുത്ത പോസ്റ്റിങ്ങ് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ല. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുജിത് ദാസിനെ സസ്പെന്റ് ചെയ്തത്.
എം.ആര് അജിത്ത് കുമാറിനൊപ്പം സുജിത്തിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വലിയ വിവാദമായിരുന്നു.