കൊച്ചി: സംസ്ഥാനത്ത് പോസ്റ്റൽ വഴി നടന്ന ഏറ്റവും വലിയ ലഹരി കടത്ത് പിടികൂടി കസ്റ്റംസ്. തായ്ലന്ഡിൽ നിന്ന് കൊച്ചിയിലേക്ക് കൊറിയറായി എത്തിയ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം പിടികൂടിയത്. ഭക്ഷ്യവസ്തു എന്ന് തോന്നിപ്പിക്കും വിധം കോൺഫ്ലെക്സിൻ്റെ കവറിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്.
ഒരു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കൊച്ചി കാക്കനാട് സ്വദേശിയായ സാബിയോ എബ്രഹാം ജോസഫിനെ അറസ്റ്റ് ചെയ്തു. തായ്ലൻഡിൽ നിന്ന് കാരക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസിലാണ് പാർസൽ എത്തിയത്. പിന്നാലെ ഇതേ അഡ്രസിലേക്ക് ഡമ്മി പാർസൽ അയച്ചായിരുന്നു കസ്റ്റംസ് പ്രതിയെ പിടികൂടിയത്.