പോലീസിനും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരമാണ് നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് -കെഎസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ട് പോലും അവര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പോലീസിനെ എങ്ങനെ രാഷ്ട്രീയവത്കരിച്ചു എന്നതിന് തെളിവാണ് ഈ കേസ്. നിയമവാഴ്ചയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിവിധി.
കുറ്റക്കാരായ ഗണ്മാന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അതിനാല്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കാം. കോടതിയുടെ കര്‍ശനമായ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും തുടരന്വേഷണം നടത്തുന്നതാകും കൂടുതല്‍ ഉചിതമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവലിനും ഉള്‍പ്പെടെയുള്ളവര്‍ക്കും അതിക്രൂരമായ മര്‍ദ്ദനമാണേറ്റത്. കേരളം മുഴുവന്‍ ഭീതിയോടെ കണ്ട് ഞെട്ടിപ്പോയ ദൃശ്യങ്ങളായിരുന്നു അവ. കൊടിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ടും അത് സ്വീകരിക്കാതെ പ്രതികളായ ഗണ്മാന്മാരെ വിശുദ്ധരാക്കിയ ക്രൈംബ്രാഞ്ചിന്റെ നടപടി കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പ്രതികള്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാരായതിനാല് തുടക്കം മുതല്‍ പോലീസ് ഇരകള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്.ലോക്കല്‍ പോലീസും ജില്ലാ പോലീസ് മേധാവിയും ആദ്യം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശം പ്രകാരമാണ് കേസെടുത്തത്. കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഇരുളടഞ്ഞ് പോകുമായിരുന്ന കേസില്‍ തുടരന്വേഷണം സാധ്യമായതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.