എല്ലാകാലത്തും ട്വിസ്റ്റുകൾ നിറഞ്ഞതാണ് കേരള രാഷ്ട്രീയം. നേതാക്കളും നേതൃത്വങ്ങളുമെല്ലാം മാറിമാറി വരുന്ന ഗോദയാണ് സംസ്ഥാന രാഷ്ട്രീയം. ആരും പ്രതീക്ഷിക്കാത്തവർ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുകയും എല്ലാവരും ഉറ്റു നോക്കിയവർ ഒന്നും ആകാതെ പോകുകയും ചെയ്യുന്ന ചരിത്രമാണ് നമ്മുടെ രാഷ്ട്രീയകേരളത്തിന് ഉള്ളത്. എല്ലാ കാലത്തും ഓരോ രാഷ്ട്രീയപാർട്ടികളും അവരുടെ ഐക്കണുകളായി ചിലരെ ഉയർത്തി കാട്ടാറുണ്ട്.
ചിലർ സ്വാഭാവികമായും അതാത് കാലയളവുകളിൽ സ്വയം ഉയർന്നുവരികയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇന്നിന്റെ രാഷ്ട്രീയ കേരളത്തില്‍ ഉയർന്നുനിൽക്കുന്ന രണ്ടു പേരുകളാണ് ഷാഫി പറമ്പിലിന്റെയും മുഹമ്മദ് റിയാസിന്റെയും. ഷാഫി എംപിയായും റിയാസ് മന്ത്രിയായും തുടരുമ്പോഴും ഇരുവർക്കും ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്.
ഗ്രൂപ്പുകൾക്കും ഗോത്രങ്ങൾക്കുമൊക്കെ അപ്പുറം ജന സ്വീകാര്യത കൊണ്ട് ഭാവി കേരളത്തിന്റെ നായകത്വം ഇരുവരും ഏറ്റെടുത്തിരിക്കുകയാണ്. ടൂറിസം പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് മുഹമ്മദ് റിയാസ് കാഴ്ചവെക്കുന്നത്. ഒരുപക്ഷേ പിണറായി സർക്കാരിൽ മികവുപുലർത്തുന്ന വകുപ്പുകൾ ഏതെന്ന ചോദ്യത്തിന് ഉത്തരം റിയാസിന്റെ വകുപ്പുകൾ എന്നതാകും.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പിൽ നടന്നത്. സർക്കാരിന്റെ പല പദ്ധതികളും ജനകീയമാക്കുവാൻ റിയാസിന്റെ ഇടപെടലുകൾക്കായി. സർക്കാർ അതിഥി മന്ദിരങ്ങൾ പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന നിലയിലേക്ക് ജനകീയമാക്കിയത് മുഹമ്മദ് റിയാസ് ആണ്.
സുതാര്യമായി നിലയിൽ പൊതുമരാമത്ത് വകുപ്പിന് നയിക്കുന്നതും റിയാസിന്റെ സ്വീകാര്യത വർദ്ധിക്കുന്നതിന് വഴിയൊരുക്കി. യുവജന വിദ്യാർഥി വിഭാഗങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ന്യൂനപക്ഷ സമുദായിക സംഘടനകൾ ഉൾപ്പെടെ സിപിഎമ്മിനെതിരായാണ്.
തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ റിയാസിന്റെ ഗ്രാഫ് ഉയരുന്നത് ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നുവെന്ന തോന്നൽ പൊതുസമൂഹത്തിലും പ്രത്യേകിച്ച് ന്യൂനപക്ഷത്തിനിടയിലും ഉണ്ടാക്കുവാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു.
കോൺഗ്രസിലേക്ക് വരുമ്പോൾ ഷാഫി ഒരു ബ്രാൻഡായി തന്നെ മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. 2011 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ മറ്റ് യുവ നേതാക്കളെക്കാള്‍ പാര്‍ട്ടിയില്‍ ശക്തനാവാന്‍ ഷാഫി പറമ്പിലിന് കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ സൈബര്‍ മുഖമായി മാറി അണികള്‍ ആഘോഷമാക്കിയിരുന്ന വിടി ബല്‍റാമിന് തൃത്താല തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ മുമ്പുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു. പി സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും ഷാഫിയെ പോലെ ക്രൗഡ് പുള്ളറാവാന്‍ കഴിഞ്ഞിട്ടില്ല.
നിലവിൽ എംപിയാണെങ്കിലും തിരികെ കേരള രാഷ്ട്രീയത്തിലേക്ക് എൻട്രി ഷാഫിക്ക് അനായാസം കഴിയാവുന്നതേയുള്ളൂ. വരുംകാല മുഖ്യമന്ത്രി പ്രതീക്ഷകളായി റിയാസും ഷാഫിയും മാറുമ്പോൾ ഇവരിലാരെ കേരള രാഷ്ട്രീയം ഏറ്റെടുക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.