അനീഷ എം എ: സബ് എഡിറ്റർ
തൃശൂര്‍: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ വീട്ടില്‍ പോയി കണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് ജി. സുധാകരനെ കാണാന്‍ പോയതെന്നും സുധാകരന് കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് സുധാകരനെ സന്ദര്‍ശിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി. സുധാകരന്. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന് അംഗീകരിക്കുന്നുണ്ട്. ഞങ്ങള്‍ പറയുന്നതെല്ലാം അദ്ദേഹവും ഭാര്യയും മൗനം സമ്മതം എന്ന രീതിയില്‍ കേട്ടിരുന്നു. സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നുവെന്നും ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി.