കൊല്ലം: കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ദേവി ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്നപരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടികളുണ്ടാകും. ക്ഷേത്രങ്ങളിൽ ഏകവർണ പതാകകൾ ഉയർത്തുന്നത് കോടതി അലക്ഷ്യമാണെന്നും ഉപദേശക സമിതിക്ക് കൊടിയില്ലെന്നും പ്രശാന്ത് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഗണഗീതം പാടിയതിനു ശേഷം ആർ എസ് എസിന്റെ മുദ്രാവാക്യം വിളിയും ഉണ്ടായിരുന്നു. മാത്രമല്ല ക്ഷേത്ര പരിസരത്തു ആർ എസ് എസിന്റെ കോടി തോരണങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയാണ് പരാതി നൽകിയത്. എന്നാൽ ദേശഭക്തി ഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റിയുടെ വിശദീകരണം.