ന്യൂഡല്‍ഹി: നവജാത ശിശുക്കളെ മോഷ്ടിച്ച് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍. ഡല്‍ഹിയിലെ ദ്വാരകയില്‍നിന്നാണ് മൂന്നംഗസംഘം പിടിയിലായത്. സംഘത്തിന്റെ കൈയില്‍നിന്നും നാലുദിവസം മാത്രം പ്രായമായ ഒരു കുഞ്ഞിനെ രക്ഷിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഘത്തിലെ പ്രധാനിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി.
ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളും എന്‍സിആറും(National Capital Region) കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നായി കുഞ്ഞുങ്ങളെ മോഷ്ടിക്കുകയും ഡല്‍ഹിയില്‍ വില്‍ക്കുകയുമാണ് സംഘം ചെയ്തുവന്നിരുന്നത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നത്.
യസ്മിന്‍, അഞ്ജലി, ജിതേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. സംഘത്തെ നയിച്ചിരുന്ന സരോജ് എന്ന സ്ത്രീയാണ് ഇനി പിടിയിലാവാനുള്ളത്.
സംശയാസ്പദമായ ഇരുപതോളം ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് പൊലീസ് കുറ്റവാളികളെ കുരുക്കിയത്. ഏപ്രില്‍ എട്ടിന് ഉത്തംനഗറില്‍ നിന്നാണ് സംഘം പിടിയിലായത്. ചോദ്യംചെയ്യലില്‍ സരോജിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ജലിയെ നേരത്തെ സിബിഐ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയത്. സംഘം ആര്‍ക്കൊക്കെയാണ് ഇതുവരെ കുഞ്ഞുങ്ങളെ വിറ്റത് എന്നതുസംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും പൊലീസ് അറിയിച്ചു.