വെങ്കിട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ വിജയ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമായിരുന്നു ഗോട്ട്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഗോട്ടിൽ വിജയ്ക്കൊപ്പം അതിഥി വേഷത്തില്‍ നടൻ ശിവകാർത്തികേയനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് നടൻ അഭിനയിച്ചതെന്നാണ് വിവരം.
ഇപ്പോഴിതാ ശിവകാർത്തികേയന് സ്നേഹസമ്മാനവുമായി വിജയ് എത്തിയിരിക്കുകയാണ്. ആഡംബര വാച്ചാണ് സമ്മാനമായി നൽകിയിരിക്കുന്നത്. നടന്റെ കൈയിൽ വാച്ച് കെട്ടി കൊടുക്കുന്ന വിജയ് യുടെ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയന്റെ എൻട്രി.
തിയേറ്റർ പ്രദർശനത്തിന് ശേഷം ഗോട്ട് ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിലവിൽ ദളപതി 69 ന്റെ തിരക്കിലാണ് താരം. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബോബി ഡിയോള്‍, മമിത ബൈജു, നരെയ്ന്, പ്രിയ മണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.