ചെന്നൈ: ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘനം നടത്തിയാതായി ഇഡി. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തി.
ഗോകുലം ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ഇഡി വ്യക്തമാക്കുന്നു. വാർത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതിൽ 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചു.
ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഒന്നരക്കോടിയുടെ ചിത്രങ്ങളും ഇ.ഡി പുറത്തുവിട്ടിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഗോപാലനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്സിൻ്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. തുടർന്ന് കോഴിക്കോട് കോർപ്പറേറ്റ് ഓഫീസിൽ വെച്ചും ചെന്നൈയിൽ വെച്ചും രണ്ടു തവണ ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന.