കേന്ദ്ര ബജറ്റിലെ ഇറക്കുമതി ഇളവിന് പിന്നാലെ സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് മേലോട്ടുയർന്നു. ബജറ്റിലെ ഇളവിന് ആനുപാതികമായ കുറവ് ഇന്നലെയോടെ വിലയിൽ വരുത്തിക്കഴിഞ്ഞെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ന് കേരളത്തിലും സ്വർണ വില കൂടിയത്.

ഗ്രാമിന് 25 രൂപ വർധിച്ച് വില 6,325 രൂപയായി. 200 രൂപ ഉയർന്ന് 50,600 രൂപയാണ് പവൻ വില. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും കല്ല് പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 5 രൂപ വർധിച്ച് 5,235 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 89 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.