തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, സർവ്വകാല റെക്കോർഡിൽ തന്നെയാണ് വില തുടരുന്നത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില ₹61,960 ആണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് ₹1,760 വർധിച്ചതോടെ, സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിനായി പണിക്കൂലിയും ജിഎസ്ടിയുമടക്കം ₹67,000 വരെ നൽകേണ്ടി വരും.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങളും വിലക്കയറ്റത്തിന് ഇടയാക്കി. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% അധിക നികുതി ചുമത്തിയതും, ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് ദുർബലമായതും സ്വർണവിലയിൽ വർദ്ധനവിന് കാരണമായി.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കാത്തത് സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമായി. കഴിഞ്ഞ തവണ 6% ആയി കുറച്ചിരുന്ന ഇറക്കുമതി ചുങ്കം ഇത്തവണ 2% വർദ്ധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. നിലവിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ₹7,745 ആണ്, 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ₹6,395 വിലയും. അതെസമയം വെള്ളി വിലയിൽ മാറ്റമില്ല, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില ₹101 ആയി തുടരുകയാണ്.